Tuesday, January 19, 2010

ഒമര്‍ ഖയ്യാം -ഉടയേണ്ട വാര്‍പ്പ്മാതൃകകള്‍

തങ്ങളുടെ ചരിത്രത്തിലെ മഹാരഥന്മാരായ ശാസ്ത്രജ്ഞരേയും ദാര്ശനികരേയും സംബന്ധിച്ച് മുസ്‌ലിം സാമാന്യജനത്തിനിടയിലുളള അറിവ് തികച്ചും അപര്യാപ്തവും പലപ്പോഴും കേട്ടുകേള്‍വിയില്‍ അഭിരമിക്കുന്നതും ആണ്. ചില പേരുകള്‍ സുപരിചിതമാവാമെങ്കിലും നമ്മുടെ സാംസ്കാരിക പൈത്റ്കം പുഷ്കലമാക്കിയതില്‍ അവര് വഹിച്ച വേഷങ്ങളെ കുറിച്ച അവബോധം ശുഷ്കം തന്നെ.യുവതലമുറയുടെ ഇസ്‌ലാമിക ബോധത്തിലധിഷ്ടിതമായ വളര്ച്ചക്ക് പ്രചോദനമാവേണ്ട എത്രയോ പേരുകള്‍ വിസ്മ്റ്തിയിലാണ്ടിരിക്കുന്നു!

അറബി ഭാഷയറിയാത്ത ഏതൊരാള്‍ക്കും ഇപ്പൊഴും ഓറിയന്‍റ്റലിസ്‌റ്റ് പഠനങ്ങള്‍ തന്നെയാണു ഇവരെ കുറിച്ചറിയാന്‍ അവലംബിക്കാവുന്ന മുഖ്യ ശ്രോതസ്സ് എന്നതാണു ദുഖകരം . അവയിലെ ഏറ്റവും നീതിപൂര്‍വമായ പ്രയത്നങ്ങള്‍ പോലും ഈ വ്യക്തിത്വങ്ങളെ യഥാര്ത്ഥ പശ്ചാത്തലത്തിലും ആത്മാവിലും പ്രതിനിധാനം ചെയ്തു എന്നു പറയാനാവില്ല. പില്ക്കാലത്ത് മുസ്‌ലിം എഴുത്തുകാരുടെതായി വന്ന രചനകള്‍ പോലും ഇവ സ്റ്ഷ്ടിച്ച സ്വാധീനത്തില്‍ നിന്നും മുക്തമായതുമില്ല
. അങ്ങനെയാണു ജലാലുദ്ദീന്‍ റൂമിയെ പൊലെ ഒര്ജിനാലിറ്റിയുള്ള ഒരു സൂഫി ചിന്തകന്‍ ആധുനിക ലിബറല്‍ മൂല്യങ്ങള്‍ക്ക് അനുഗുണമായി സ്വതന്ത്ര അദ്ധ്യത്മികവാദിയാവുന്നത്.ഇസ്‌ലാമിക ചിന്തകളുടെ വിശാല ഭൂമികയിലല്ലാതെ അദ്ദേഹത്തിനെ മനസിലാക്കുക അസംഭവ്യമാണെന്ന വസ്തുത തമസ്ക്കരിക്കപ്പെടുന്നു.മുസ്‌ലിങ്ങളാകട്ടെ വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ വ്യക്തികളെ പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്യുന്നതിലുപരി വസ്തുനിഷ്ഠമായ പഠനങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നില്ല.

ഇപ്രകാരം അധുനികത ഉയര്ത്തിയ സാംസ്കാരിക ഭാവങ്ങളുടെ പ്രതീകമായി തന്നെ മാറും വിധം വികലമാക്കപ്പെട്ട വ്യക്തിത്വമാണ്‌ ഒമര്‍ ഖയ്യാം എന്ന പേരില്‍ പ്രസിദ്ധനായ ഒമര്‍ ഇബ്നു ഇബ്റാഹീം ഖയ്യാം നയ്ശാപ്പൂരിയുടേത്(439/1048-526/1131). പത്തൊമ്പതാം നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ റൂബിയ്യാതിലെ ചില ഈരടികള്‍ ഫിറ്റ്സ്ഗെറാള്‍ട് ഇംഗ്ലിഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതോടെ വിക്ടോറിയന്‍ കാലഘട്ടത്തില്‍ ആരംഭിച്ച ഖയ്യാം 'കള്‍ട്ട്' ഇന്നും വിവിധ ഭാവങ്ങളില്‍ നിലനില്ക്കുന്നു.ഇന്നിന്റെ സുഖലോലുപതയെ ആഘോഷിക്കുന്ന ആജ്ഞേയവാദിയും മതവിരുദ്ധനുമായി മുദ്രകുത്തപ്പെട്ട അദ്ദേഹത്തിന്റെ നാമം ലോകമൊട്ടുക്കും നിശാക്ലബുകള്‍ക്ക് അലങ്കാരമായി.മായ്ക്കാന്‍ കഴിയാത്ത വണ്ണം മുദ്രണം ചെയ്യപ്പെട്ട ആ രൂപം ഇസ്‌ലാമിക ലോകത്ത് മതവിരുദ്ധത ഇറക്കുമതി ചെയ്യാന്‍ ഒരുമ്പെട്ടിരുന്നവര്ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു.


മധ്യകാലഘട്ടത്തിലെ സുപ്രധാന ഗണിതശാസ്ത്രജ്ഞനും വാനശാസ്ത്രജ്ഞനും കൂടിയായിരുന്നു അദ്ദേഹം എന്ന വസ്തുത കവിയെന്ന പ്രസിദ്ധിയുടെ നിഴലിലാണെങ്കിലും പരക്കെ അംഗീകരിക്കപ്പെട്ടതാണ്.യുക്ലിഡിന്റെ സമാന്തര രേഖകളെ സംബന്ധിച്ച പോസ്റ്റുലേറ്റിനെതിരെ ഉയര്ത്തിയ വിമര്ശനങ്ങളും ആള്‍ജിബ്രയെ അധികരിച്ച് നടത്തിയ പഠനങ്ങളും അദ്ദേഹത്തിന്റെ ഈടുറ്റ സംഭാവനകളായി വിലയിരുത്തപ്പെടുന്നു.മുസ്‌ലിം ലോകത്ത് ജീവിച്ചിരുന്ന ഈ ശാസ്ത്രപ്രതിഭ വിശ്വാസപരമായി ആജ്ഞേയവാദിയായിരുന്നു എന്നത് ആധുനികതയെ പുല്കാന്‍ വെമ്പിയ,അതിന്‌ തടസം ഇസ്‌ലാമാണ്‌ എന്നു വാദിച്ച സ്ഥാപിതതാത്പര്യങ്ങള്‍ക്ക് ആനന്ദകരമായതില്‍ അദ്ഭുതമില്ല.യഥാര്ത്ഥത്തില്‍ തങ്ങളുടെ ചിന്താഗതികള്‍ക്കും മാനസിക നിലക്കും അനുയോജ്യമായി അവര്‍ ഒമര്‍ ഖയ്യാമിനെ വായിക്കുകയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ശാസ്ത്രജ്ഞരെല്ലാം തന്നെ മുഖ്യധാരയില്‍ നിന്നും വേറിട്ട് യാത്ര ചെയ്തിരുന്നവരാണ്‌ എന്ന ചില ഓറിയന്റലിസ്റ്റ് ദുര്‍വ്യഖ്യാനങ്ങളും അവര്ക്ക് തുണയായി.ഈ പശ്ചാത്തലത്തിലാണ്‌ പാശ്ചാത്യ ലോകത്ത് ബിംബവത്കരിക്കപ്പെട്ട ഒമര്‍ ഖയ്യമില്‍ നിന്നും യഥാര്ത്ഥ വ്യക്തിയിലേക്കുള്ള അന്വേഷണം പ്രസക്തമാകുന്നത്.

ഖയ്യാമിനെ ശരിയായി അറിയുവാന്‍ പ്രചാരത്തിലുള്ള പൊതുവിശ്വാസങ്ങള്‍ക്ക് അജ്ഞാതമായ ഇസ്‌ലാമിക തത്ത്വചിന്തകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അപഗ്രഥിക്കേണ്ടതുണ്ട്.പരമ്പരാഗത ഇസ്‌ലാമിക രേഖകള്‍ അദ്ദേഹത്തെ പ്രാഥമികമായി പരിഗണിക്കുന്നത് തന്നെ തത്ത്വജ്ഞാനിയായാണ്‌.തത്ത്വചിന്തക്ക് അത്രയൊന്നും അനുകൂലമല്ലാത്ത ഒരു ചരിത്രസന്ധിയിലും ഇമാം ഗസ്സാലിയെ പോലെയുള്ള അദ്വതീയരായ പണ്ഡിതരുടെ ഖണഡനകള്‍ക്ക് അത് വിധേയമായി കൊണ്ടിരുന്ന സന്ദര്ഭത്തിലും വേറിട്ട ഒരു ഏകാന്ത രൂപമായിരുന്നു അദ്ദേഹം .ഇസ്‌ലാമിക തത്ത്വചിന്തയിലെ ഏറ്റവും മഹനീയവും ആധികാരികവുമായ ചിന്തകളുടെ ഉടമ ഇബ്നുസീനയുടെ പിന്തുടര്ച്ച അവകാശപ്പെടാനാവുന്ന വ്യക്തി!

ഇബ്നു സീനയുടെ അല്‍ ഖുത്ബാത് അല്‍ ഘര്‍അ എന്ന കൃതിക്ക് ഖയ്യാം പേര്ഷ്യനില്‍ പരിഭാഷയും വ്യാഖ്യാനവും എഴുതിയിട്ടുണ്ട്.ഇത് പ്രധാനമായ ചില വസ്തുതകളിലേക്കു വിരള്‍ ചൂണ്ടുന്നതായി സയ്യിദ് ഹുസ്സൈന്‍ നസര്‍ നെ പോലെയുള്ള വിദഗ്തര്‍ അഭിപ്രായപ്പെടുന്നു1.ഒന്ന് മുന്‍ഗാമികളില്‍ ഇബ്നുസീനയോടുള്ള അദ്ദേഹത്തിന്റെ പ്രത്യേകമായ അഭിനിവേഷം എതു വൈജ്ഞാനിക പൈതൃകമാണ്‌ അദ്ദേഹത്തിന്റേത് എന്നു വ്യക്തമാക്കുന്നു.മറ്റൊന്ന് സൃഷ്‌ടാവിന്റെ ഏകത്ത്വവും യാഥാര്ഥ്യവും ഉത്‌ഘോഷിക്കുന്ന ഈ കൃതി തന്നെ തിരഞ്ഞെടുത്ത് സര്‍വ്വാത്മനാ യോജിപ്പോടെ വിശദീകരിക്കുന്നത് തന്നെ അദ്ദേഹത്തിന്റെ വിശ്വാസത്തെ കുറിച്ച് ധാരണ നല്കുന്നു. ഒരു ആജ്ഞേയവാദിയില്‍ നിന്നും വിമര്ശനമോ കുറഞ്ഞത് മൌനമൊ അല്ലേ പ്രതീക്ഷിക്കേണ്ടത്?

ഫാര്സ് പ്രവിശ്യയുടെ ഖാദിയായിരുന്ന അബു നാസര്‍ നസ്സവിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രചിക്കപ്പെട്ട ഖയ്യാം കൃതിയാണ്‌ 'അല്‍ റിസാല ഫി’ല്‍ കൌന്‍ വല്‍ തക്‌ലിഫ്'.ലോകസൃഷ്ടിയേയും സൃഷ്ടാവിനോടുള്ള ആളുകളുടെ കടമകളേയും അധികരിച്ചുള്ള സംശയങ്ങളുമായി ഒരു ഖാദി അദ്ദേഹത്തെ സമീപിക്കുന്നു എന്നത് തന്നെ ഖയ്യാമിന്‌ അന്നു മുസ്ലിം ചിന്താലോകത്ത് കല്‍പ്പിച്ചിരുന്ന ആധികാരികത വെളിപ്പെടുത്തുന്നു.മനുഷ്യര്ക്ക് തന്റെ സൃഷ്‌ടാവിനോടും സമൂഹത്തോടുമുള്ള ബാധ്യതാനിര്‍വഹണത്തിന്റെ സ്വഭാവവും പ്രവാചകത്വത്തിന്റെ അനിവാര്യതയും ഇതില്‍ പ്രത്പാദന വിഷയമാണ്‌.ദൈവിക നിയമങ്ങളുടെ നീതിപൂര്‍വകമായ പ്രചാരണവും സംസ്ഥാപനവും പ്രവാചകന്മാരിലൂടെയാണ്‌ സാധിക്കുന്നത്.അവയെ നിലനിര്ത്താന്‍ ഉതകുന്ന ആരാധനാകര്മ്മങ്ങളും അവര്‍ പഠിപ്പിക്കുന്നു.ആരാധനാകര്മ്മങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ മാനങ്ങളും ചര്‍ച്ചാവിധേയമാവുന്നു.

പേര്‍ഷ്യനില്‍ രചിക്കപ്പെട്ട തത്ത്വചിന്താപരമായ കൃതിയായ 'അല്‍ റിസാല ഫീ
ഇല്മ്‌ അല്‍ കുല്ലിയ്യാത്' എന്ന കൃതിയില്‍ ജ്ഞാനാന്വേക്ഷകരെ നാലു വിഭാഗങ്ങളായി അദ്ദേഹം തരം തിരിക്കുന്നു.കലാം ചിന്തകര്‍,തത്ത്വചിന്തകര്‍,ഇസ്മാഇലികള്‍,സൂഫികള്‍ എന്ന ഈ തരം തിരിവ് പലനിലക്കും സമകാലികനായ ഇമാം ഗസ്സാലിയുടേതിന്‌ സദൃശമാണ്.ഓരൊ വിഭാഗങ്ങളുടേയും രീതിശാസ്ത്രം വിശദീകരിക്കുമ്പോള്‍ ഖയ്യാമിന്റെ സൂഫി ചായ്‌വ് പ്രകടമാവുന്നു.സൂഫി ചിന്തയെ വിശദീകരിച്ച് കൊണ്ട് അദ്ദേഹം എഴുതുന്നു.'മറ്റേതിലും ഉത്തമമായ പാതയാണിത്,കാരണം മറയില്ലാത്ത ദൈവിക സാന്നിധ്യം പ്രതിഫലിപ്പിക്കുന്ന അവസ്ഥയേക്കാള്‍ ഉത്തമമായ ഏതൊന്നാണ്‌ അല്ലാഹുവിന്റെ അടിമക്ക് അഭികാമ്യമായത്.മനുഷ്യനുള്ള കുറവുകള്‍ എല്ലാം തന്നെ അവന്റെ പ്രകൃതിയിലെ ദോഷഭാവങ്ങള്‍ സംഭാവന ചെയ്യുന്നതാണ്‌.ആ തടസങ്ങള്‍ നീങ്ങുന്നതോടെ ആത്യന്തിക യാഥാര്‍ത്ഥ്യങ്ങള്‍ മറനീക്കി വെളിവാക്കപ്പെടുന്നു.പ്രവാചക പുംഗവന്‍ (സ) ഇതു സൂചിപ്പിച്ച് കൊണ്ടാണു പറഞ്ഞത്.നിങ്ങളുടെ ജീവിതത്തിന്റെ നാളുകളില്‍ അല്ലാഹുവില്‍ നിന്നുള്ള ബോധനം വന്ന് കിട്ടുന്നു.നിങ്ങള്‍ അതു പിന്തുടരാന്‍ തയ്യാറുണ്ടോ?'

ഇദ്ദേഹത്തെയാണ്‌ ആജ്ഞേയവാദിയായി വിശേഷിപ്പിക്കുന്നത്!ജീവിതം അര്‍ഥശൂന്യമാണെന്നും വീഞ്ഞും മറ്റ് സുഖഭോഗങ്ങളുമായി ഉല്ലാസത്തില്‍ മുഴുകുക മാത്രമാണ്‌ എല്ലാ പ്രയത്നങ്ങള്‍ക്കും അപ്പുറം സര്‍വ്വഥാ ഉത്തമമെന്നും പാടുന്ന ഒരു വ്യക്തിയില്‍ നിന്നോ ഈ കൃതികള്‍ പിറന്നത്?എങ്ങനെയാണ്‌ ഈ വൈരുദ്ധ്യം പരിഹരിക്കാനാവുക? ഒരു കൂട്ടര്‍ വീണ്ടും വാദിക്കുന്നത് ഖയ്യാം തന്റെ ഉള്ളില്‍ ഒളിച്ച് വച്ചിരുന്ന 'യഥാര്‍ഥ' വികാരങ്ങളെ കവിതകളിലൂടെ പ്രകാശിപ്പിക്കുകയും തന്റെ കാലഘട്ടത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായി മറ്റ് രചനകള്‍ നടത്തുകയും ചെയ്തു എന്നാണ്‌.തങ്ങളുടെ ആശയങ്ങള്‍ക്കൊത്ത സാംസ്കാരിക ബിംബത്തെ നിര്‍മിക്കാന്‍ മഹാനായ ഒരു ചിന്തകനില്‍ കാപട്യം ആരോപിക്കാന്‍ ഉദ്യുക്തരാവുന്നവരുടെ കാപട്യത്തെ കുറിച്ച് എന്ത് പറയാന്‍?

ഇനിയൊരു വിഭാഗം , തത്ത്വചിന്തകനും ശാസ്‌ത്രജ്ഞനുമായ ഒമര്‍ ഖയ്യാം ആയിരിക്കില്ല റൂബിയത്തിലെ ഈരടികളുടെ കര്‍ത്താവ് എന്നു അഭിപ്രായപ്പെടുന്നു.കവി ആയിരുന്ന മറ്റൊരു ഖയ്യാം ഉണ്ടായിരുന്നു എന്ന് കരുതേണ്ടതില്ല.കാരണം റൂബിയാത്തിന്റെ ഏറ്റവും പഴയ കൈയെഴുത്ത് പ്രതികളില്‍ കാണപ്പെടുന്ന കവിതകള്‍ ഒന്നും തന്നെ അദ്ദേഹത്തിന്റെ തത്ത്വചിന്തകളോട് വിയോജിക്കുന്നവ അല്ല.പില്‍ക്കാലത്തെ പകര്‍പ്പുകളില്‍ ഹയാനി , ഹയാത്തി മുതലായ മറ്റ് ചില കവികളുടെ രചനകള്‍ ചേര്‍ക്കപ്പെട്ടതായും പരാമര്‍ശിക്കുന്നുണ്ട്.അതു കൊണ്ട് റൂബിയാത്തിലെ മുഴുവന്‍ കവിതകളുടെയും കര്‍തൃത്തത്തെ സംശയിക്കേണ്ടതില്ല എന്നു പറയാം .മറിച്ച് സൂഫി കാവ്യ ബിംബങ്ങളെ കുറിച്ച ആദ്യകാല പാശ്ചാത്യ പരിഭാഷകരുടെ അജ്ഞതയാണ്‌ അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ ചുറ്റിപറ്റിയ അസംബന്ധ ധാരണകള്‍ക്ക് രൂപം നല്കിയത് എന്നതാണ്‌ സത്യം . ഇഖ്ബാല്‍ വരെ നീളുന്ന എല്ലാ മുസ്‌ലിം കവികളിലും വീഞ്ഞും കോപ്പയും ദൈവികാനുഭവങ്ങളുടെ പ്രതീകങ്ങളായി നിറയുന്നുണ്ട്. മറ്റ് സാംസ്കാരിക പരിസരങ്ങളുടെ ആത്മനിഷ്ഠമായ അനുഭവങ്ങളില്‍ നിന്നും അതിനെ മനസിലാക്കുമ്പോള്‍ സംഭവിക്കുന്ന പിഴവുകള്‍ സ്വാഭാവികം .

സത്യത്തിനും ഉറപ്പുകള്‍ക്കും വഴിയില്ലാതെ
സംശയങ്ങളിലും നിരാശയിലും ജീവിതം വ്യര്‍ത്ഥമാക്കണോ?
വരൂ കോപ്പകള്‍ ഒരിക്കലും കൈവിടാതിരിക്കൂ
ഈ മൂടല്‍ മഞ്ഞില്‍ കുടിച്ച് ലഹരിയില്‍ മുങ്ങിയാലെന്ത്?

റൂബിയാത്തിലെ ഈ വരികളൊക്കെ അങ്ങനെ ലളിതമായ പ്രത്യക്ഷ അര്‍ത്ഥത്തില്‍ വായിക്കപ്പെടുമ്പോള്‍ നാം തീര്ച്ചയായും അമ്പരക്കും ,അറിവിനെ സംബന്ധിച്ച് ഇത്തരം വീക്ഷണങ്ങള്‍ പുലര്ത്തുന്ന ഒരു വ്യക്തിയാണോ ഗണിതശാസ്ത്ര പ്രഹേളികകളില്‍ ആണ്ട് മുങ്ങിയത്? കലണ്ടര്‍ പരിഷ്കാരങ്ങള്‍ക്ക് മുന്‍ കൈ എടുത്തത്? പ്രയോജനരഹിതമായ പ്രയത്നങ്ങള്‍ക്ക് പകരം ലഹരിയില്‍ മുങ്ങുക എന്നതാണോ ആ സന്ദേശം ?ഒരിക്കലും തരമില്ല.മറിച്ച് അറിവിന്റെ ആപേക്ഷികതയെയാണു അദ്ദേഹം കുറിക്കുന്നത്. സുദൃഢമായ ജ്ഞാനം ദൈവികാനുഭവങ്ങളിലൂടെയാണ്‌ കരഗതമാവുന്നത് എന്നത് വീഞ്ഞും കോപ്പയും പോലെ സ്ഥാപിതമായ ഉപമകളിലൂടെ സൂചിപ്പിക്കുന്നു.ഇത്തരം വരികള്‍ മറ്റ് കവിതാശകലങ്ങളുടെ പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍ കാര്യങ്ങള്‍ സ്പഷ്‌ടമാവും.

അവന്‍റ്റേതാണഖിലം ,അവനല്ലാതെയൊന്നുമില്ല,ഞാനറിയുന്നു
സൃഷ്ടിയുടെ പുസ്തകം പ്രകാശിപ്പിക്കുന്നയീ സത്യം .
അവന്‍റ്റെ പ്രകാശം പരിചിതമാകുമ്പോള്‍ ഹൃദയം
അജ്ഞതയുടെ ഇരുളില്‍ നിന്നും വിശ്വാസദീപ്തിയാര്‍ജിക്കുന്നു.

ഇസ്‌ലാമിന്റെ സാംസ്കാരിക ബൌദ്ധിക പശ്ചാത്തലത്തില്‍ നിന്നാണ്‌ അദ്ദേഹത്തെ മനസിലാക്കേണ്ടത് എന്ന ലളിതമായ യുക്തിയാണ്‌ കാര്യങ്ങളെ ശരിയായി മനസിലാക്കാന്‍ അവശ്യമായിട്ടുള്ളത്.മുസ്‌ലിം ചരിത്രത്തിലെ വേറെയും വ്യക്തിത്വങ്ങളെ ഇവ്വിധം പക്ഷപാതപരമായി പാശ്ചാത്യ ചിന്തകര്‍ വരച്ചിട്ടിട്ടുണ്ട്!ആ വീക്ഷണങ്ങളെ തങ്ങളുടെ വാദങ്ങള്‍ക്ക് അനുയോജ്യമായി പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിക്കാന്‍ മടിക്കാത്ത മുസ്‌ലിം നിലപാടുകളാണ്‌ പുനപരിശോധനക്ക് വിധേയമാവേണ്ടത്.ഒരോ ചിന്തകനും തങ്ങളുടെ കാലഘട്ടത്തിന്റെ സ്വാധീനങ്ങള്‍ക്കും പ്രേരണകള്‍ക്കും താത്പര്യങ്ങള്‍ക്കും വശംവദരായിട്ടുണ്ടാവും . ഒമര്‍ ഖയ്യാം തന്നെ ചില തീവ്രചിന്താരീതികളെയും മതപരമായ തെറ്റിദ്ധാരണകളെയും തന്റെ തത്ത്വചിന്താപരമായ നിലപാടുകളില്‍ നിന്നു വിമര്‍ശിച്ചിട്ടുണ്ട്.അതിനെ വസ്തുനിഷ്‌ഠമായി പഠിച്ച് വിലയിരുത്താനും മുന്നോട്ടേക്കുള്ള പാഥേയമാക്കാനുമുള്ള ആര്‍ജവമാണ്‌ വേണ്ടത്. യോജിപ്പും വിയോജിപ്പും സ്വയം നടത്തുന്ന ഇത്തരം ശ്രമകരമായ അന്വേഷണങ്ങളുടെ അനന്തരമാവണമെന്ന് സാരം .

യുവാക്കള്‍ക്കും പൊതുസമൂഹത്തിനും ഇസ്‌ലാമിക ചരിത്രത്തിലെ സാംസ്കാരിക നായകന്മാരെ കുറിച്ച് ധാരണ പകരാനുള്ള ദൌത്യവും നാം ഏറ്റെടുക്കേണ്ടതുണ്ട്.തെറ്റിദ്ധാരണകള്‍ക്കതീതമായി ചലനാത്മകവും ബഹുസ്വരവുമായിരുന്ന സ്വന്തം പാരമ്പര്യത്തെ ഉള്‍കൊള്ളാന്‍ അവര്‍ പ്രാപ്തമാവട്ടെ.അതിനു തടസ്സമായി ചില പാശ്ചാത്യ നിര്‍മ്മിത വാര്‍പ്പ്മാതൃകകള്‍ ഇന്നു നമ്മുടെ പഠനങ്ങളെ തിരികെ സ്വാധീനിക്കുന്ന പ്രതിസന്ധിയെ തിരിച്ചറിയേണ്ടതുണ്ട്.ഒമര്‍ ഖയ്യാമിനെ പോലെയുള്ള നിരവധി വ്യക്തിത്വങ്ങളെ കുറിച്ച് നാം പുലര്‍ത്തുന്ന മൌനം തന്നെ അത് വിളിച്ചോതുന്നു.

3 comments:

  1. ഉമര്‍ ഖയ്യാം മാത്രമല്ല, ഉമര്‍ ഖയ്യാമിനോടൊപ്പം തമസ്കരിക്കപ്പെട്ടതോ വികലമാക്കി അവതരിപ്പിക്കപ്പെട്ടതോ ആയ ഒരു വലിയ ചരിത്രമാണിസ്‌ലാമിന്റേത് എന്ന യാഥാര്‍ത്ഥ്യം കൂടി പഠന വിഷയമാകേണ്ടതുണ്ട്. താഴെയുള്ള ലിങ്ക് അത്തരം ഒരു ശ്രമമാണ്‌ : http://www.1001inventions.com/1001inventions
    ആയിരം വര്‍ഷത്തെ തമസ്കരിക്കപ്പെട്ട ചരിത്രമാണിസ്‌ലാമിനുള്ളത്. ഒരു ലാ ഇലാഹ ഇല്ല അല്ലാഹു എന്ന മോഡലിലാണ്‌ പഠനങള്‍ നടക്കേണ്ടത്. അഥവാ, നാളിതുവരെ പ്രചരിപ്പിക്കപ്പെട്ട പടിഞാറിന്റെ ദുര്‍ വ്യാഖ്യാനങളെ മാറ്റി നിര്‍ത്തിക്കൊണ്ട്, ഓരോ വിഷയങളേയും പരമാവധി അതിന്റെ ഒറിജിനല്‍ സോഴ്സുകളില്‍ നിന്ന് തന്നെയുള്ള പഠനങള്‍ നടക്കണം. എങ്കിലേ, ആഖ്യാന വ്യാഖ്യാന വൈകല്യങളില്‍ നിന്നും, ദുര്‍വ്യാഖ്യാന ദുരന്തങളില്‍ നിന്നും, തമസ്കരണങളില്‍ നിന്നും മാറീയ വിശുദ്ധമായ യാഥാര്‍ത്ഥ്യങള്‍ കണ്ടെത്താനാവൂ. ലേഖനം നന്നായിട്ടുണ്ട്. നന്ദി. ആശംസകളോടെ റഷീദ്. cmarasheed@anseglobal.com

    ReplyDelete
  2. ആവശ്യപ്പെടുന്നത് ശ്രമകരമായ ദൗത്യം. എന്നാൽ ആവശ്യം വെന്ദുന്നതുമായ പഠനം. തീര്ത്തും അതിന്റെ മൂല കൃതികള അവലംബമാക്കി പഠനങ്ങളും വിവര്ത്തങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. വായനാ, വിജ്ഞാന ദാഹികൾ എന്നും ആവേശത്തോടെ ഇത്തരം ഒരു പ്രയത്നത്തെ അത്യധികം ആഗ്രഹത്തോടെ പ്രതീക്ഷിക്കുന്നു. എഴുത്തിനു നന്ദി.

    ReplyDelete
  3. ആവശ്യപ്പെടുന്നത് ശ്രമകരമായ ദൗത്യം. എന്നാൽ ആവശ്യം വെന്ദുന്നതുമായ പഠനം. തീര്ത്തും അതിന്റെ മൂല കൃതികള അവലംബമാക്കി പഠനങ്ങളും വിവര്ത്തങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. വായനാ, വിജ്ഞാന ദാഹികൾ എന്നും ആവേശത്തോടെ ഇത്തരം ഒരു പ്രയത്നത്തെ അത്യധികം ആഗ്രഹത്തോടെ പ്രതീക്ഷിക്കുന്നു. എഴുത്തിനു നന്ദി.

    ReplyDelete

 
Tree Hearts Blogger Template