Wednesday, February 10, 2010

കര്‍മമേഖലയുടെ വാതായനങ്ങള്‍.





ഹസനുല്‍ ബന്ന പഠിപ്പിച്ചു-'നിങ്ങള്‍ ഫലവൃക്ഷങ്ങളാവുക.അങ്ങനെ അവര്‍ നിങ്ങളെ കല്ലുകള്‍ കൊണ്ട് ആക്രമിക്കുമ്പോള്‍ ഫലവര്‍ഗങ്ങള്‍ കൊണ്ട് പ്രതികരിക്കുക'.തന്റെ ജീവിതത്തിന്റെ സൂക്ഷ്മതലത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ യത്നിച്ച പ്രിയ പിതാവ് സയ്യിദ് റമദാനെ കുറിച്ച വികാരോഷ്മളമായ സ്മരണികയോടെയാണ്‌ 'ഇസ്‌ലാം വെസ്റ്റ് ആന്ഡ് ചലഞ്ചസ് ഓഫ് മോഡേണിറ്റി' എന്ന പുസ്തകം താരിഖ് റമദാന്‍ ആരംഭിക്കുന്നത്.തന്റെ പ്രവര്‍ത്തന പാതയുടെ വീക്ഷണസ്വഭാവത്തിന്റെ ഊര്‍ജദായകമായ പൈതൃകത്തോടുള്ള കലവറയില്ലാത്ത സ്നേഹസൌരഭ്യം ആ വാക്കുകളില്‍ നിറയുന്നു.

മുന്‍ധാരണകളുടെ അടഞ്ഞ വാതായനങ്ങള്‍ക്ക് ഇരുപുറവും നിന്നു ഇസ്‌ലാമും പടിഞ്ഞാറും സംഘട്ടനങ്ങളുടെ ലളിത യുക്തികള്‍ ഭാവനയില്‍ നെയ്യുന്ന കാലഘട്ടത്തില്‍ താരിഖ് റമദാനെ പോലെയുളള ബുദ്ധിജീവികള്‍ അനിവാര്യതയാണ്‌.തെളിഞ്ഞ ചിന്തകള്‍, തിരിച്ചറിവുകള്‍,പുതിയ ആകാശങ്ങളിലേക്ക് നയിക്കുന്ന ദിശാസൂചികകള്‍.പ്രതിലോമകരമല്ലാത്ത ഭാവിക്ക് വേണ്ടിയുളള അന്വേഷണകുതുകികള്‍ക്ക് നിരസിക്കാനാവാത്ത ക്ഷണമാണത്.ഉത്തമ നിദര്‍ശനമായ ഈ പുസ്തകം 'ആധുനികതക്ക് ഒപ്പമെത്താനുള്ള ഇസ്‌ലാമിന്റെ ശേഷി' എന്ന് തുടങ്ങിയ ചര്‍ച്ചകളുടെ യുക്തിരാഹിത്യത്തെ തിരിച്ചറിയുമ്പോഴും യഥാതഥമായ വെല്ലുവിളികളെ കയ്യൊഴിയുന്നില്ല.

ആധുനികവത്കരണം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചു എന്നത് അനിഷേധ്യമാണ്‌.പടിഞ്ഞാറിന്റെ ചരിത്രഗതിയില്‍ അതു പകര്‍ന്ന നവോന്മേഷവും പ്രതീക്ഷകളും സ്തുത്യര്‍ഹമായിരുന്നു.അതൊരു ചരിത്രപ്രക്രിയയില്‍ നിന്നും പ്രത്യയശാസ്ത്രരൂപം ആര്‍ജിച്ചത് ക്രമേണ സംഭവിച്ച അനിവാര്യ പതനമായിരുന്നോ?എന്തായാലും എല്ലാ സമൂഹങ്ങളുടെ ചരിത്രവും യാന്ത്രികമായ ആവര്‍ത്തനമാണെന്ന് കരുതുന്ന ആവേശമായി അത് വളര്‍ന്നു.മാത്രമല്ല കൂടുതല്‍ സ്വാതന്ത്രത്തിനും പുരോഗതിക്കും വേണ്ടിയുളള ആര്‍ത്തി പൂണ്ട മുദ്രാവാക്യങ്ങള്‍ മാത്രം മറ്റെന്തിനെയും അടിച്ചമര്‍ത്തുന്ന അധീശത്വ സ്വരമായി.ആധുനികവത്കരണവും പാശ്ചാത്യവത്കരണവും ഒന്നായി തീരുന്ന അവസ്ഥ നിലവില്‍ വന്നു.സ്വാതന്ത്ര്യം വ്യക്തിവാദം യുക്തി പ്രാമണ്യം തുടങ്ങിയ ആധുനികതയുടെ മൂല്യങ്ങളെ ഉള്‍കൊള്ളുന്നതില്‍ പക്ഷെ മനപ്രയാസം ആവശ്യമില്ല എന്നതാണ്‌ ഗ്രന്‍ഥകാരന്റെ നിരീക്ഷണം.സ്വന്തം ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വ്യതിരിക്തമായ രൂപമാതൃകകളില്‍ ഉള്‍ച്ചേര്‍ന്ന ചിന്താപദ്ധതികളുടെ സ്വാധീനത്തില്‍ വികസിക്കുന്ന വളര്‍ച്ചയാവണം അത്.സാങ്കേതിക വിദ്യ ഉത്പാദിപ്പിക്കുന്ന കാരുണ്യരാഹിത്യം , മനുഷ്യത്വവിരുദ്ധമായ വികസനം , കമ്പോളവ്യവസ്ഥയുടെ ഹീനമായ മൂല്യബോധം ,സാമ്പത്തികവ്യവസ്ഥ ലോകവീക്ഷണത്തിന്റെ കണ്ണാടിയാവുന്ന വൈരുദ്ധ്യം എന്നിങ്ങനെ പാശ്ചാത്യ സംസ്കാരം ചെന്നെത്തിയ അന്യവത്കരണത്തിന്റെ ആഴങ്ങള്‍ ആ പാതയില്‍ അപ്പോള്‍ നമ്മുടെ സൂക്ഷ്മതയെ നിരന്തരം വെല്ലുവിളിച്ച് കൊണ്ടിരിക്കും .


ഈ സങ്കീര്‍ണമായ കര്‍മ്മരംഗത്ത് കാലുറപ്പിച്ച് തീവ്രമായ പശ്ചാത്തലങ്ങളോട് മുഖാമുഖം നില്ക്കുന്ന ഇസ്‌ലാമിന്റെ ചക്രവാളത്തില്‍ തെളിയുന്ന കാഴ്ചകളാണ്‌ ആദ്യ രണ്ട് ഭാഗങ്ങളില്‍ പ്രതിപാദിക്കുന്നത്.ദാര്‍ശനിക തലത്തിലെ താരതമ്യമല്ല,ആധുനികതയുടെ പ്രായോഗിക വേദികളില്‍ ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ പ്രതിസന്ധികളും സാധ്യതകളുമാണ്‌ അനാവൃതമാവുന്നത്.ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പന്‍ഥാവുകള്‍ സൂക്ഷ്മമായി പി്‌ന്തുടരുന്നവരെ സംബന്ധിച് ഇവയെല്ലാം പരിചിത വീക്ഷണങ്ങള്‍ തന്നെ.നീതിയോടുള്ള ഇസ്‌ലാമിന്റെ പ്രതിബദ്ധത തന്നെയാണ്‌ അദ്ദേഹം ഊന്നി പറയുന്നത്.അനശ്വരതയുടെ തീരങ്ങളില്‍ നിന്നുള്ള സൃഷ്‌ടാവിന്റെ സൃഷ്‌ടികളോടുള്ള സന്ദേശം ഉയര്ത്തുന്ന സാര്‍വത്രികതയാണ്‌ വെല്ലുവിളികളെ അഭിസംഓഒധന ചെയ്യാനുള്ള ഇസ്‌ലാമിന്റെ കര്‍മ്മശേഷിയെ പോഷിപ്പിക്കുന്നത്.ഒരു കാലഘട്ടത്തില്‍ നിലനില്ക്കുന്ന സാമൂഹിക അവസ്ഥയുടെ സ്ഥിരത കാംക്ഷിക്കലല്ല അത്.പക്ഷെ ദര്‍ശനവും സാമൂഹ്യശാസ്ത്രവും വേര്‍തിരിക്കാതിരിക്കുക എന്ന വൈരുദ്ധ്യം കിഴക്കും പടിഞ്ഞാറും ഇസ്‌ലാമിക പഠനങ്ങളില്‍ പുലരുമ്പോള്‍ അപക്വമായി വക്രമായി കാഴ്ചകള്‍ തെളിയുന്നത് ദൌര്‍ഭാഗ്യകരമാണ്‌.

ഒരേ സമയം അധുനികതയേയും ഇസ്‌ലാമിനേയും സംബന്ധിച്ച് ലളിതവത്കരണത്തിന്‌ ഇരയാവാത്ത അടിയുറച്ച ജ്ഞാനം കൈവരിച്ച പുതിയൊരു മുസ്‌ലിം ബുദ്ധിജീവി വര്‍ഗത്തിനു മാത്രമേ സൃഷ്‌ടിപരമായ ഇടപെടലുകല്ക്ക് നേതൃത്വം നല്കാനാവൂ എന്ന ഇറാനിയന്‍ തത്വചിന്തകന്‍ അബ്ദുല്‍ കരീം സൊറോശിന്റെ അഭിപ്രായം ഓര്‍ത്ത് പോവുന്നു.വിവിധ വിഷയങ്ങളിലെ നയവൈകല്യങ്ങളും യുക്തിഭദ്രതയും ആത്മവിചാരണയുടെ ബൃഹ്ത്തായ തലങ്ങളില്‍ ചര്ച്ച ചെയ്യുവാന്‍ ഗ്രന്‍ഥകാരന്‍ പുലര്‍ത്തുന്ന കഴിവ് മുള പൊട്ടുന്നത് അങ്ങനെ തന്നെ.ശൂറയും ജനാധിപത്യവും ,ഇസ്‌ലാമിക ബാങ്കിങ്,സ്ത്രീ ശാക്തീകരണം ,സാമ്പത്തിക മാതൃക,മനുഷ്യാവകാശങ്ങള്‍ .. സമൃദ്ധമായ ചര്‍ചക്കും അതിനപ്പുറം ആക്ടിവിസത്തിനുമുള്ള ഭൂമിക ഇവിടെ തുറക്കപ്പെടുന്നു.

സാംസ്കാരിക തലത്തില്‍ മുദ്രണമായിരിക്കുന്ന ചില കാഴ്ചപ്പാടുകള്‍ മുസ്ലിം പാശ്ചാത്യ അനുഭവങ്ങളെ വ്യത്യസ്ഥമാക്കുന്ന പശ്ചാത്തലത്തിലേക്ക് ഊളിയിടുന്ന മൂന്നാം ഭാഗം രസിപ്പിക്കുന്ന ചിന്താസുഗന്ധം പ്രസരിപ്പിക്കുന്നു.ദൈവികതയോട് കലഹിച്ച് മനുഷ്യ പുരോഗതിക്കായി അഗ്നി നേടിയെടുക്കുന്ന പ്രോമിത്യൂസിയന്‍ ഇതിഹാസത്തിന്റെ ചോദന മുസ്‌ലിം ബോധത്തിനു അപരിചിതവും അജ്ഞവുമത്രെ.പക്ഷെ വിശ്വാസത്തിനും സ്വാതന്ത്രത്തിനുമിടയിലെ ആത്യന്തിക തിരഞ്ഞെടുപ്പിന്റെ പരീക്ഷണം , കൃസ്തുമതത്തില്‍ മതാനുഭവത്തിന്റെ ഭാഗം തന്നെയാവുകയും , അനന്തരമത് പാശ്ചാത്യ ചിന്തകളുടെ ചട്ടക്കൂട് നിര്‍ണയിക്കുകയും ചെയ്തു.ഈ വിമത കലാപത്തിന്റെ ബോധധാര ആധുനിക ചിന്തയുടെ മുഖ്യമായ പ്രചോദനവും പ്രാഥമികമായ സ്വഭാവസവിശേഷതയുമായി.രണ്ടു തരം യുക്തിയെ ഉയ്‌ര്ത്തിയ കാന്റ്, ഹെഗലിന്റെ വൈരുദ്ധ്യാത്മക ഭൌതികവാദം , നീഷെയുടെ ദൈവനിഷേധം ,അസ്തിത്വവാദികളുടെ വേദന..പാശ്ചാത്യ തത്ത്വചിന്തയിലുടനീളം അത് അലയൊലികള്‍ തീര്‍ത്ത്കൊണ്ടിരുന്നു.

ഇതിനു സാര്‍വലൌകിമായ വര്‍ണം നല്കുമ്പോള്‍ സ്വാഭാവികമായി തീരുന്ന പാളിച്ചകളുണ്ട്. ഉദാഹരണത്തിനു ഇസ്‌ലാമിക സംസ്കാരത്തിന്റെ ബിംബമായി കാണാവുന്നത് ഇബ്റാഹീം നബിയെയാണ്‌.അവിടെ പ്രോമത്യൂസിന്റെ കലാപമില്ല,വിശ്വാസത്തിന്റെ വേദനപ്പിക്കുന്ന വിഹ്വലതയില്ല.മറിച് ദൈവസ്മരണയുടെയും ,കീഴൊതുങ്ങലിന്റെയു മ്,ദൃഷ്ടാന്തങ്ങളുടെയും വഴിയാണ്‌ തെളിയുക.ബൈബിളിലേയും ഖുര്‍ആനിലേയും ഇബ്രാഹീം നബിയെ സംബന്ധിച്ച വിവരണങ്ങളിലെ പാഠഭേദം തന്നെ ഈ രണ്ട് വഴികളെ അടയാളപ്പെടുത്തുന്നു.ബൈബിളില്‍ ഏകജാതനെ ബലികൊടുക്കാനുള്ള ദൈവിക സന്ദേശം നടപ്പാക്കാന്‍ പുറപ്പെടുന്ന പ്രവാചകന്‍ തന്റെ ഉദ്യമത്തെ മകനില്‍ നിന്നും മറച്ച് വയ്‌ക്കുന്നു.ദൈവിക ഇച്‌ഛ് നടപ്പാക്കുക എന്ന 'വെല്ലിവിളിയുടെ' സകലഭീതിയും അദ്ദേഹം ഒറ്റക്ക് പേറുകയാണ്‌.ഖുര്‍ആനിലാകട്ടെ അച്‌ഛനും മകനും പരസ്പരം ഉപദേശിച്ച് കൊണ്ട് ദൈവിക വിധിക്ക് ഐക്യകണ്ഠേന കീഴൊതുങ്ങുന്നു.പാശ്ചാത്യ അനുഭവങ്ങളിലെ വിശ്വാസത്തിന്റെ വിഹ്വലതകള്‍ ഇവിടെ അജ്ഞാതം .വിശ്വാസത്തെ വെല്ലുവിളിക്കുകയോ അംഗീകരിക്കുകയോ ചെയ്യുക എന്ന ആത്യന്ത്‌തകള്‍ക്കപ്പുറം വിശ്വാസത്തിനുള്ളിലെ തിരഞ്ഞടുപ്പിന്റെ സുഗമമായ വഴി കാണപ്പെടുന്നു.ഇത്തരം സാംസ്കാരിക ഭിന്നതകളെ മനസിലാക്കുമ്പോഴാണ്‌ ഖുര്‍ആനെ അടിസ്ഥാനപ്പെടുത്തുന്ന മുസ്‌ലിം സമീപനം സ്വാതന്ത്രത്തെ ഹനിക്കുന്ന മൌലികവാദമാണെന്നുള്ള മുന്‍ധാരണകള്‍ ദുര്‍ബലമാവുന്നത്.ബഹുസ്വരത സാക്ഷാത്കൃതമാവുന്നത്.

അവസാനഭാഗം നടപ്പുവ്യവസ്ഥയെ സാധൂകരണത്തോടെ നോക്കി കാണാന്‍ 'സൃഷ്ടിക്കപ്പെട്ട' നാഗരികതകളുടെ സംഘട്ടനം എന്ന മുദ്രാവാക്യത്തെ പരിശോധിക്കുന്നു.തിയറികള്‍ക്കുപരി പ്രത്യക്ഷത്തില്‍ തന്നെ ഇസ്‌ലാമിനും പടിഞ്ഞാറിനുമിടയില്‍ മുറിവുകള്‍ ദൃശ്യമാവുന്നതില്‍ അദ്ദേഹം ചകിതനാകുന്നോ?ഈ ബന്ധത്തിലെ അസ്വസ്ഥതകളും അവിശ്വാസവും ഭീഷണമായ ഭാവമാര്‍ജിക്കുന്നത് സുമനസ്സുകളാരും തന്നെ ഇഷ്‌ടപ്പെടുകയില്ല.പടിഞ്ഞാറിന്റെ മദ്ധ്യേ ജീവിക്കുന്ന റമദാനു പ്രതിസന്ധി എത്ര മാത്രം വൈയക്തികവും സാമൂഹികവുമായ തിക്തനുഭവമാണെന്ന് ഊഹിക്കാവുന്നതാണ്‌.

കാരണങ്ങളിലേക്ക് കണ്ണോടിച്ചാല്‍ ഇരുഭാഗത്ത് നിന്നും ചൂണ്ടി കാണിക്കാന്‍ പല്‌തുമുണ്ട്.സ്വതന്ത്ര്യം ജനാധിപത്യം തുടങ്ങിയ പ്രഘോഷങ്ങളുടെ മറവില്‍ താത്പര്യനിവര്‍ത്തി മാത്രം ഉന്നം വയ്ക്കുന്ന പാശ്ചാത്യ മുതലാളിത്തത്തിന്റെ ഇരട്ടത്താപ്പ് തന്നെ പ്രധാനമെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം .മുസ്‌ലീങ്ങളും ക്രിയാത്മകമായ ആത്മവിമര്‍ശനങ്ങള്‍ക്ക് തയാറാവണം .വിമര്‍ശകരെ മുഴുവന്‍ ഒരേ പോലെ ശത്രുനിരയെന്ന് ഗണിക്കുന്ന ഉള്‍വലിച്ചില്‍ അനാവശ്യമാണ്‌. ഇസ്‌ലാമാണ്‌ പ്രതിവിധി എന്നത് എളുപ്പത്തില്‍ പ്രയോഗിച്ച് പ്രശ്നപരിഹാരം ഞൊടിയിടയില്‍ ലഭ്യമാക്കുന്ന ഒറ്റമൂലി പോലെയെന്ന് ധ്വനിപ്പിക്കുന്ന കേവലമായ മുദ്രാവാക്യം മാത്രമായി തരംതാഴുന്നു.മറിച്ച്, തള്‍അര്ച്ച ബാധിച്ച നമ്മുടെ സാമൂഹിക രാഷ്‌ട്രീയ ബൌദ്ധിക മേഖലയുടെ ഉണര്‍ച്ചക്കു വിഘാതമാകുന്ന പ്രതിസന്ധികളെ തിരിച്ചറിയാനുള്ള ധീരതയാണ്‌ അനിവാര്യം .

ഭാവിയെ സംബന്ധിച്ച ആകുലതകള്‍ മുളക്കുന്നത്, ഇസ്ലാമിക നവോത്ഥാനത്തെ ലിബറല്‍ ലോകത്തിന്റെ അസ്തിവാരമിളക്കുന്ന ഭീകരമായതെന്തോ എന്ന് തെറ്റിദ്ധരിക്കുന്ന പാശ്ചാത്യ ഭാവനയില്‍ നിന്നാണ്‌.പ്രശ്ന സങ്കീര്‍ണതയുടെ വിവിധവശങ്ങള്‍ പഠിക്കാതെ,വാര്‍തകളെ കൃത്യതക്കപ്പുറം വേഗതയുടേയും സത്യത്തിനപ്പുറം താത്പര്യങ്ങളുടേയും തിമിരം ബാധിച്ച അച്ചില്‍ പടച്ച് വിടുന്ന മാധ്യമങ്ങള്‍ കാര്യങ്ങള്‍ വശളാക്കുന്നു..ഇവിടെ ലോകത്തിന്റെ നടപ്പു വ്യവസ്ഥിതിയെ സംബന്ധിച്ച് ഉത്കണ്ഠകള്‍ പുലര്‍ത്തുന്ന,മാറ്റത്തിന്റെ കാഹളത്തിനു കാതോര്‍ക്കുന്ന നല്ലവരായ ഒരു കൂട്ടരിലാണ്‌ പ്രത്യാശ തെളിയുന്നത്.ലക്ഷ്യത്തിന്റെ വൈവിധ്യങ്ങളെ ബഹുസ്വരതയുടെ കണക്കില്‍ സൂക്ഷിച് കൊണ്ട് യോജിപ്പിന്റെ മേഖലകളില്‍ ഇക്കൂട്ടരുമൊന്നിച്ച് പ്രവര്‍ത്തിക്കനുതകുന്ന പാലങ്ങള്‍ തീര്‍ക്കുകയാണ്‌ ഫലപ്രാപ്തിയുടെ മാര്‍ഗം .

താരിഖ് റമദാന്റെ ചിന്തകളുടെ സവിശേഷത അത് തുറന്ന് വയ്‌ക്കുന്ന കര്‍മമേഖലയുടെ നിരവധി വാതായനങളാണ്‌.തിയറികള്‍ക്കപ്പുറം യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് മിഴി തുറക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് വളരാനാണ്‌ വാക്കുകള്‍ക്ക് കൌതുകം .അവസാനിക്കാത്ത വാഗ്വാദങ്ങളല്ല, സ്വത്വബോധത്തോടു കൂടിയ സഹവര്‍ത്തിത്വമാണ്‌ നാം കാംക്ഷിക്കുന്ന നീതിപൂര്‍ണമായ ലോകത്തേക്കുള്ള വഴിയെന്ന് അവ ഉറപ്പിച്ച് പറയുന്നു.ലോകമെമ്പാടുമുള്ള മുസ്‌ലീം ഗ്രൂപുകള്‍ വൈവിധ്യഭേദമന്യേ ഈ ചിന്തകനു കാതു കൊടുക്കുന്നതിനുള്ള കാരണവും അതാവാം .

3 comments:

  1. -'നിങ്ങള്‍ ഫലവൃക്ഷങ്ങളാവുക.അങ്ങനെ അവര്‍ നിങ്ങളെ കല്ലുകള്‍ കൊണ്ട് ആക്രമിക്കുമ്പോള്‍ ഫലവര്‍ഗങ്ങള്‍ കൊണ്ട് പ്രതികരിക്കുക'.

    തുടരുക ഭാവുകങ്ങള്‍.....

    ReplyDelete

 
Tree Hearts Blogger Template